4/23/12

അമ്മ

ഒരു ജനക്കൂട്ടത്തെ കണ്ടുകൊണ്ടാണ് അപരിചിതമായ ആ നാട്ടില്‍ ഞാന്‍ ബസ്സിറങ്ങിയത്. സ്വാഭാവികമായും എന്നിലുള്ള അമിതമായ ആകാംക്ഷയാണ്‌ അതിനെന്നെ പ്രേരിപ്പിച്ചത്. കൂട്ടത്തില്‍ കണ്ട ഒരു യുവാവിനോട് കാര്യം തിരക്കി. അവിടെ ഒരപകടം നടന്നെന്നു മറുപടിയില്‍ വ്യക്തമായിരുന്നു.
പത്തു വയസ്സ് പോലും തോന്നിക്കാത്ത ഒരു കുട്ടിയുടെ ചലനമറ്റ ശരീരം...എന്റെ ആകാംക്ഷ നിറഞ്ഞ കണ്ണുകള്‍ അത് വേഗം കണ്ടെത്തി. അരികില്‍ നിറകണ്ണുകളോടെ ഇരിക്കുന്ന സ്ത്രീ, അവരുടെ കണ്ണുകള്‍ എനിക്കാ സത്യം മനസ്സിലാക്കി തന്നു. ഒരമ്മയുടെ പുത്രവിയോഗത്താലുള്ള വേദന. അവരുടെ കരച്ചില്‍ ആ അന്തരീക്ഷത്തെയാകെ ശോകമൂകമാക്കി. മകന്റെ ശിരസ്സു മടിയില്‍ എടുത്തുവെച്ച് മുഖം മുഴുവന്‍ ഉമ്മ വെക്കുന്ന ആ രംഗം എന്റെ കണ്ണുകളെ ഈറനണിയിച്ചു.
ഒരു നിമിഷം, രാവിലെ വീട് വിട്ടിറങ്ങുമ്പോള്‍ നാശമെന്നു വിളിക്കുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്ത എന്റെ അമ്മയെ ഞാന്‍ ഓര്‍ത്തു പോയി. ഞാനെന്നും അമ്മയെ ശല്യമായി മാത്രമേ കണ്ടുള്ളൂ. അവര്‍ പക്ഷെ അതിലൊന്നും പരിഭവിച്ചില്ല...
ഈ നിമിഷം, എന്റെ മനസ്സില്‍ മറ്റൊരു ചിന്തയുമില്ല...ഒന്ന് മാത്രം...എത്രയും വേഗം, തിരിച്ചു പോകണം...അമ്മയെ കാണണം...





1/16/12

വാളെടുത്തവന്‍...

        ഈ ഒരു നിമിഷം ഒരിക്കലും പ്രതീക്ഷിച്ചതല്ല...വിശ്വസിക്കാന്‍ കഴിയുന്നില്ല...വേദന സഹിക്കാവുന്നതിലും അധികം ആയിരിക്കുന്നു...ഈ വേദന ഞാന്‍ അര്‍ഹിക്കുന്നു...കാരണം, എത്രയോ നിഷ്കളങ്ക ഹൃദയങ്ങളില്‍ ഞാനീ വേദന നിറച്ചിരിക്കുന്നു...അതിനുള്ള പ്രതിഫലമാണ് ഇന്ന് ഞാന്‍ അനുഭവിക്കുന്നതെന്ന് എനിക്കറിയാം...എന്തായാലും ഈ വേദന താങ്ങാന്‍ കഴിയില്ല...
        മുന്‍പൊരിക്കലും ഞാന്‍ ചിന്തിച്ചിട്ടില്ല, ഞാന്‍ കാരണം തകര്‍ന്ന ഹൃദയങ്ങളെ കുറിച്ച്...എനിക്കതൊരു വിനോദമായിരുന്നു...അവരുടെ വേദന എന്നെ സന്തോഷിപ്പിച്ചു...പിന്നെയും പിന്നെയും എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു...
        ദൈവമേ...എന്തൊരു ക്രൂരതയാണ് ഞാന്‍ ചെയ്തുകൂട്ടിയത്...സ്നേഹം നടിച്ചു, എത്രയോ പെണ്‍കുട്ടികളുടെ മനസ്സും ശരീരവും ഞാന്‍ കവര്‍ന്നെടുത്തു...ജീവന് തുല്യം സ്നേഹിക്കുകയായിരുന്നു അവരെല്ലാം, എന്നെ...അത് തന്നെയാണ് എനിക്ക് വേണ്ടിയിരുന്നതും...അതിനാലാണല്ലോ സര്‍വ്വവും അവര്‍ എനിക്ക് സമ്മാനിച്ചത്‌...
        യുദ്ധക്കൊതി പൂണ്ട് അയല്‍ രാജ്യങ്ങളെല്ലാം വെട്ടിപ്പിടിക്കാന്‍ നടന്ന രാജാവിന്‍റെ കഥ ഓര്‍മ്മ വരുന്നു...പടക്കളത്തില്‍ എതിര്‍ പാളയത്തിലെ ഓരോ ശിരസ്സും മണ്ണില്‍ പതിക്കുമ്പോഴും അട്ടഹസിച്ചു കൊണ്ടിരുന്ന രാജാവിന്‍റെ വിധിയും മറിച്ചായിരുന്നില്ല...മൂര്‍ച്ചയേറിയ ഒരു വാളിന് തന്നെ തന്‍റെ ശിരസ്സും സമ്മാനിച്ചു...
കഥയിലെ രാജാവിനെ പോലെ ഞാനും ഒരുപാട് ജയിച്ചു കേറി...ഒടുവില്‍, ഇന്നിതാ അനിവാര്യമായ വിധി വന്നിരിക്കുന്നു...ഞാന്‍ നിഷ്കരുണം ചതച്ചരച്ചവരുടെ പ്രതികാരസ്തംഭാമായ് ഒരുവള്‍...എന്‍റെ പ്രാണനെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു...